ആരാധനാലയങ്ങള്‍

  • ആനക്കല്ല് സെൻറ് മേരീസ് ഫൊറോനാ പള്ളി 

ഭരണങ്ങാനത്തെ ആനക്കല്ല് സെൻറ് മേരീസ് ഫൊറോനാ പള്ളി പ്രശസ്തമാണ്. ആനക്കല്ല് എന്ന പേരുവരുവാൻ ഒരു കാരണമുണ്ട്. ഒരു സഹസ്രാബ്ദത്തിനു മുൻപ് ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോൾ നാട്ടുകാർ തമ്മിൽ തർക്കമായി. പള്ളി എവിടെ നിർമ്മിക്കും എന്നതായിരുന്നു തർക്കവിഷയം. ചർച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ മധ്യസ്ഥർ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയിൽ പള്ളി നിർമ്മിക്കേണ്ട മൂലക്കല്ല് കെട്ടിക്കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയും. ഇരുകൂട്ടർക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, ആയിരം വർഷങ്ങൾക്കും മുൻപ് ആന നടന്നെത്തി ആ കല്ലു വച്ചത് ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തായിരുന്നു. അടുത്തകാലത്ത് പള്ളി സഹസ്രാബ്ദി ആഘോഷിച്ചു. ഭരണങ്ങാനം ഫൊറോനാപ്പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ പ്രദക്ഷിണവും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവവും ജനുവരിമാസത്തിൽ ഒരേ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത്. പ്രദക്ഷിണത്തിൽ ഉപയോഗിക്കുന്ന കോൽവിളക്ക് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് നല്കപ്പെട്ടിട്ടുള്ളതാണ്. വിളക്കിനു പകരം പള്ളിയിൽനിന്ന് ക്ഷേത്രത്തിനു നല്കിയിട്ടുള്ള മുത്തുക്കുട ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്. (ഇതുപോലെയുള്ള അത്യുദാത്തമായ മതസൗഹാർദ്ദമാതൃകകൾ കേരളത്തിൽ പലയിടത്തും ഉണ്ട്.)

  • ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രം 

കോട്ടയം ജില്ലയിലെ ഭരണങ്ങാനം പ്രദേശത്താണ് പ്രശസ്തമായ ഈ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതുകൊണ്ട് മാത്രം ഭരണങ്ങാനത്തിന് ദക്ഷിണ ഗുരുവായൂർ എന്ന പേരുമുണ്ട്. പഞ്ചപാണ്ഡബരുമായി ബന്ധപ്പെട്ട ഒരുപാട് പുരാണ ഐതിഹ്യങ്ങളും ഈ അമ്പലവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു.ദ്വാപരയുഗത്തിൽ ധർമ്മപുത്രർ പ്രതിഷ്ടിച്ച ഈ ക്ഷേത്രത്തിലെ കൃഷ്ണാഞ്ജന ശിലയിലുള്ള ചതുർബാഹുവിഗ്രഹത്തിന്റെ പ്രാധാന്യം വർണാതീതമാണ്. തത്തുല്യമായ വിശിഷ്ട വിഗ്രഹം മറ്റോരിടത്ത് ഉള്ളത് ഗുരുവായൂരിൽ മാത്രമാണ് . മൂന്നു നൂറ്റാണ്ടിലേറെ പഴക്കമുള്ള നിഴൽ വീഴാത്ത ആൽവിളക്കും ബലിക്കൽപ്പുരയുടെ മേൽത്തട്ടിലുള്ള അഷ്ടദിക്പാലകൻമാരുടെ ദാരുശിൽപ്പങ്ങളും ഈ ക്ഷേത്രത്തിലെ ചൈതന്യത്തിന് മാറ്റു കൂട്ടുന്നു. എല്ലാവർഷവും ജനുവരിയിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഗംഭീര ഉത്സവവും ഉണ്ട്. അമ്പലത്തിന് സ്വന്തമായി ഗണപതി എന്ന ഒരു ആനയും, അമ്പാടി എന്ന പേരിൽ ഒരു ഗോശാലയും നിലവിലുണ്ട്. ശ്രീകൃഷ്ണനെ കൂടാതെ ഉപ ദൈവങ്ങളായി ശാസ്താവ് ,ഗണപതിഭഗവതി ,നാഗരാജാവ്, നാഗകന്യ ,സർപ്പം തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.