ഒറ്റ നോട്ടത്തില്‍
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ളാലം ബ്ളോക്കിലാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ല്‍ രൂപീകൃതമായ പഞ്ചായന്‍റെ വിസ്തീര്‍ണ്ണം 27.04 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്‍റെ അതിരുകള്‍ കിഴക്ക് മേലുകാവ്, തലപ്പലം ഗ്രാമപഞ്ചായത്തുകളും, വടക്ക് കടനാട് ഗ്രാമപഞ്ചായത്തും, തെക്ക് മീനച്ചില്‍, തിടനാട് ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് പാലാ മുനിസിപ്പാലിറ്റിയും കരൂര്‍ ഗ്രാമപഞ്ചായത്തുമാണ്. ഭൂപ്രകൃതി അനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന പഞ്ചായത്താണ് ഭരണങ്ങാനം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ശവകുടീരം ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സായുടെ ശവകുടീരവും അനുബന്ധസ്മാരകങ്ങളും ഭരണങ്ങാനം പള്ളിയും ഇന്ന് ലോകമെമ്പാടും ആരാധിക്കപ്പെടുന്ന ഒന്നാണ്. ഈ പരിശുദ്ധ തീര്‍ഥാടനകേന്ദ്രം ഭരണങ്ങാനം പഞ്ചായത്തിന് ലോകഭൂപടത്തില്‍ വലിയസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പഞ്ചായത്തിന്‍റെ തെക്കന്‍ അതിര്‍ത്തിയിലെ മീനച്ചിലാറ് പഞ്ചായത്തിന്‍റെ തന്നെ ഭാഗമായ ഒരു പ്രധാന ജലസ്രോതസ്സാണ്. കയൂര്മല, കാഞ്ഞിരമല എന്നിവ പഞ്ചായത്തിലെ ആകര്‍ഷകങ്ങളായ രണ്ട് പ്രധാന മലകളാണ്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡ്, മൂവാറ്റുപുഴ-പുനലൂര്‍ റോഡ് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡുകള്‍. വിലങ്ങുപാറ പാലം ഗതാഗതസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച പഞ്ചായത്തിലെ ഒരു പ്രധാന പാലമാണ്. ജാതിമതഭേദമെന്യേ ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കുന്ന പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. ഭരണങ്ങാനം സെന്‍റ്. മേരീസ് ഫെറോനപ്പള്ളി, കയ്യൂര്‍ ക്രിസ്തുരാജ് പള്ളി, ഉള്ളനാട് തിരുഹൃദയ ദേവാലയം, ഇടപ്പാടി സെന്റ് ജോസഫ് ദേവാലയം, ചൂണ്ടച്ചേരി സെന്റ് ജോസഫ് ദേവാലയം, പ്രവിത്താനം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ക്രിസ്തീയ ആരാധനാലയങ്ങളാണ്. കയ്യൂര്‍ പള്ളംമാക്കല്‍ ഭഗവതിക്ഷേത്രം, തേവര്‍മല ക്ഷേത്രം, ഉള്ളനാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, പുലിക്കാട് കാവ് ഭഗവതി ക്ഷേത്രം, കോടിയാനിച്ചിറ ഭഗവതി ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങള്‍ ആണ്